Thursday, February 5, 2009

ചുവന്ന കഫന്‍ പുടവകള്‍

സ്വാതത്രത്തിന്റെ കഫന്‍ പുടവക്കിപ്പോള്‍ നിറം കടും ചുവപ്പാണ്
കിനാക്കളുടെ കളിവീട് മണ്ണോടു ചേര്‍ന്നിടത്ത് കബറടക്കം

കാളരാത്രിയിലും പുകമഞ്ഞിനെ പ്രഭാതമെന്നു ധരിച്ചു ഞങ്ങള്‍
കാതിലോതിക്കേട്ട മധുര വാക്കുകള്‍ ശാന്തി മന്ത്രമെന്നു വിശ്വസിച്ചു
കൈത്തോക്കുകള്‍ പണയം വെച്ചത് ഒരു നേരമെങ്കിലും റൊട്ടി വാങ്ങാമെന്നു വ്യാമോഹിച്ച്...
സംഭ്രമം പൂണ്ടു അപൂര്‍ണമായൊരു ചിരി മാത്രമായ് ബാല്യങ്ങള്‍ ചിതറിക്കിടക്കുമ്പോള്‍
ലോകമേ... നിങ്ങളുടെ ദൂതിന്റെ പോരുളെനിക്ക് മനസ്സിലാവുന്നില്ല!!!

കരിക്കട്ടയായൊടുങ്ങിയ ഹൃദയങ്ങളോട് ചോദിച്ചു നോക്ക്,
രാസായുധങ്ങളല്ല... നിങ്ങളുടെ ക്രൂര മൌനമാണ് അവയെ കരിച്ചു കളഞ്ഞത് !!!

പിറന്ന മണ്ണില്‍ സമാധാന ജീവിതം ഒരു ഭീകരാശയമാനെന്നു പറഞ്ഞു തരാന്‍
ഇനിയും ഉച്ചകോടികള്‍ കൂടണ്ട,
ഉപ്പ് തീണ്ടാത്ത നിങ്ങളുടെ അനുശോചനങ്ങള്‍ക്ക്
ഉമ്മമാരുടെ കണ്ണീരടക്കാന്‍ കഴിവില്ല
കൊലപാതകികള്‍ക്ക് വിനോദകെന്ദ്രങ്ങളില്‍ വിരുന്നോരുക്കിയാല്‍
എന്‍റെ ഉടപ്പിറപ്പുകള്‍ക്ക് വിശപ്പടങ്ങില്ല

കോരി വിളംബിക്കൊള്ളുക തെരുവിലോഴുകിപ്പരക്കുന്ന ചോര കൂടി...
എന്‍റെ മണ്ണിനു അതിന്‍റെ ഗന്ധം തികട്ടി വീര്‍പ്പു മുട്ടുന്നു!!
വീണ്ടും കുഴിച്ചെടുത്തു നിറയ്ക്കുക വറ്റും വരെ ഇന്ധനം
നിര്‍ത്താതെ പറക്കട്ടെ കഴുകന്മാര്‍..!!

മിടിപ്പ് നിലക്കാതൊരു സ്വപ്നം അപ്പോഴും ബാക്കിയാണ്!!!
പോരാട്ടത്തിന്റെ തുരങ്കയാത്രക്കൊടുവില്‍
പുലരിയെ നമ്മള്‍ കാണും...
ചോരയിറ്റാത്ത ചുവന്ന പൂക്കള്‍ വിരിഞ്ഞിട്ടുണ്ടാവുമവിടെ...
എന്റെ കുഞ്ഞു മക്കള്‍ കല്ലുലകള്‍ക്ക് പകരം പൂക്കള്‍ കൊണ്ടു കളിക്കും

അന്നേ ദിവസം ജീവിച്ചിരിക്കാന്‍ മാത്രമായി ഒരു മറക്ക് പിന്നിലും ഒളിഞ്ഞിരിക്കാനില്ല ഞാന്‍...

അധിനിവേശത്തിന്റെ കോട്ടകള്‍ക്ക് മേല്‍ പൊട്ടിച്ചിതറി,
സ്വാതന്ത്ര്യത്തിന്‍റെ ജീവനറ്റ ഉടലിലേക്ക് പരകായ പ്രവേശം
എന്‍റെ അവകാശമാണ്,
അതിനെ വീറ്റോ ചെയ്യാന്‍ ആര്‍ക്കാണധികാരം .. !!!