Sunday, April 6, 2014

കവിമൗനം

കവി സുഹൃത്ത്‌ പറഞ്ഞു
എഴുത്ത്‌ കഠിനതപസ്സാകുന്നു
കാവ്യബീജം ഗര്‍ഭം ധരിക്കണം
ഏറെ നാള്‍ ചുമക്കണം
വാക്കുകള്‍ വടിവൊക്കാന്‍ ഉള്ളുരുക്കണം
ചാപിള്ളയാകരുതേയെന്നിരക്കണം
നൊന്തു പ്രസവിക്കണം

ജന്മം കൊടുത്താലോ..പിന്നെ നമ്മുടേതല്ല
അവകാശം ചൊല്ലാന്‍ വകയില്ല
തിരിഞ്ഞു കൈയ്യോങ്ങിയാലും
തടുക്കാന്‍ ഗതിയില്ല

ആശങ്കകള്‍ പുകഞ്ഞ്‌ മൂടല്‍ കെട്ടി
 അവള്‍ തൂലികക്കഴുത്തില്‍ പിടിമുറുക്കി
പാതിയെഴുതിയ കടലാസിന്റെ മാറില്‍
കോറി വരഞ്ഞ്‌ മഷി പടര്‍ത്തി

ഇപ്പോഴോരോ രാപ്പകുതികളിലും
പിടഞ്ഞെഴുന്നേല്‍ക്കുന്നു
അടിയവയറ്റിലാരോ ചവിട്ടുന്നു
അടിനെഞ്ചിലൊരു പിഞ്ച്‌ നിലവിളി മുഴങ്ങുന്നു
മേശപ്പുറത്ത്‌ തറച്ചൊരു പേനത്തുമ്പ്‌
ചുവന്ന മഷിയിറ്റുന്നു
പിറക്കാതെ പോയ കവി വാക്കുകള്‍
കണ്ണീര്‍ നിറച്ച്‌ തുറിച്ചുനോക്കുന്നു

Wednesday, January 19, 2011

നേരം പോക്ക്

സമയമെന്തേ നീങ്ങാത്തത്
ചോദിക്കുന്നുണ്ട്,
കരളെരിയുന്നൊരു നോവില്‍ തനിച്ചാക്കപ്പെട്ട സായാഹ്നം
പെരുമ്പറ കൊട്ടുന്നൊരു ഹൃദയത്തെ കണ്ണിറുക്കി ശാസിക്കുന്ന സമാഗമ സന്ധ്യ
കുറുക്കി വിളിച്ചൊരു ജീവന്‍ പിറന്നു വീഴാന്‍ വീര്പടക്കി ധ്യാനിക്കുന്ന പകല്‍
വിട്ടു പോകുന്നൊരു ജീവന് മിടിപ്പെണ്ണി കൂട്ടിരിക്കുന്നൊരു രാവിന്റെ പകുതി
മഴ കാത്തൊരു വരണ്ട പാടവും വയറൊട്ടിയ ബാലികയും വഴിക്കണ്ണുമായമ്മയും
പിറുപിറുപ്പില്‍ നിശബ്ദമൊരു നിലവിളിയില്‍
'സമയമെന്തിങ്ങനെ നിരങ്ങി നീങ്ങുന്നത്‌'

കണ്മുന്നില്‍ ചുമലൊപ്പം വളര്‍ന്നു മകന്‍
ഒരു പിടി മണ്ണായ് അച്ഛന്‍
മലകള്‍ പൊടിഞു മരുഭൂമിയായെന്റെ നാട്
മണല്‍ കൂനകളായ് നഗരം

നാളേക്കെന്നു നീട്ടി വെച്ചൊരു ചുമ്ബനം, തലോടല്‍, മാപ്പ്, കുമ്പസാരം, തിരുത്ത്
ഒക്കെയും തെരുവിനോരത്ത് അനാഥമായടിഞു കൂടവെ പുലമ്പുന്നുന്ടു
സമയം എത്ര പെട്ടെന്നാണു കടന്നു പോകുന്നത്

ഒടുവിലെന്റെ പുസ്തകത്തില്‍ 'ശുഭ'മെന്നു കുറി!

ഒരുറക്കില്‍ ഉന്മാദത്തില്‍
ശിഥിലമായൊരു പുരാനഗരം പോലെ
കാണാതാകവെ ചോദ്യമുയരുന്നുന്ടു
'നിശ്ചലമാകുന്നതു ഞാനോ കാലമോ?'