ആത്മാവില്‍ മഴ പെയ്യാന്‍ തുടങ്ങുന്നു
കാരുണ്യം ഖനീഭവിച്ച ആകാശത്തിന്റെ കണ്ണില്‍ നിന്ന്
മഴ തുള്ളികളായി,
തളർന്നു ബോധം മറന്ന ശബ്ദങ്ങളുടെ നെഞ്ചിലേക്ക്
ഉരുകിയ ഈയത്തുള്ളികള്‍ പോലെ മഴ..
അപ്രതീക്ഷിത ഉണര്‍ച്ചയില്‍ ഇന്ദ്രിയങ്ങൾക്ക് വിഭ്രാന്തി
ദാഹത്തിന്റെ വെലിയിറക്കത്തിൽ നെടുവീര്‍പ്പ്
വിലാപത്തിന്റെ നിമ്നോന്നതികളില്‍
തെന്നിവീണൊരു കാറ്റില്‍ കുളിര്, പ്രണയം
ഒരു തിരിച്ചറിവിന്റെ നിശ്വാസം..
ഉഷ്ണത്തിന്റെ മരുഭൂവിജനതയിലേക്ക്
മഴ മേഘങ്ങളുമായിനിയും നീ...
ചന്നം പിന്നം പെയ്തിറങ്ങുന്നു മഴ...
കണ്ണുകളിടഞ്ഞാലൊരു മിന്നലില്‍ എരിയുന്നു,
ഏങ്ങലടികളില് ഹൃദയം കാതില്‍ വന്നലച്ചു വീഴുന്നു,
വാക്കുകളേതോ ഇടവഴികളില്‍ കിതക്കുന്നു...
കണ്ണീര്‍ ഒന്നും മറന്നതേയില്ല,
മഴ മറന്ന കാലത്തില്‍ ചവറുകള്‍ വന്നുമൂടിയ
അരുവികളുടെ വടുക്കളിലേക്ക് സംഘം ചേർന്ന്
അവ വഴികളുണ്ടാക്കുന്നു
മോക്ഷമടയാന്‍ കടലിനെ തേടുന്നു
ഇപ്പോള്‍ വിലാപവേഗത്തില്‍
ഇടമുറിയുന്ന നിന്റെ വിതുമ്പലുകള്‍
ഒടുവിലെ മഴത്തുള്ളികളുടെ പാട്ട്..!
ഞാന്‍ ജനാലകള്‍ തുറന്നു വെക്കുന്നു,
ആത്മസാഫല്യത്താല്‍ തെളിഞ്ഞ
ആകാശത്തിന്റെ ചിരികാണാന്‍
മഴ!
ഭൂമിയുടെ മുറിവുകളിലേയ്ക്ക്
ആകാശത്തിന്റെ കരച്ചില്‍..
നീ എന്റെ കിളികൾക്കാകാശവും..!
No comments:
Post a Comment