Sunday, April 6, 2014

കവിമൗനം

കവി സുഹൃത്ത്‌ പറഞ്ഞു
എഴുത്ത്‌ കഠിനതപസ്സാകുന്നു
കാവ്യബീജം ഗര്‍ഭം ധരിക്കണം
ഏറെ നാള്‍ ചുമക്കണം
വാക്കുകള്‍ വടിവൊക്കാന്‍ ഉള്ളുരുക്കണം
ചാപിള്ളയാകരുതേയെന്നിരക്കണം
നൊന്തു പ്രസവിക്കണം

ജന്മം കൊടുത്താലോ..പിന്നെ നമ്മുടേതല്ല
അവകാശം ചൊല്ലാന്‍ വകയില്ല
തിരിഞ്ഞു കൈയ്യോങ്ങിയാലും
തടുക്കാന്‍ ഗതിയില്ല

ആശങ്കകള്‍ പുകഞ്ഞ്‌ മൂടല്‍ കെട്ടി
 അവള്‍ തൂലികക്കഴുത്തില്‍ പിടിമുറുക്കി
പാതിയെഴുതിയ കടലാസിന്റെ മാറില്‍
കോറി വരഞ്ഞ്‌ മഷി പടര്‍ത്തി

ഇപ്പോഴോരോ രാപ്പകുതികളിലും
പിടഞ്ഞെഴുന്നേല്‍ക്കുന്നു
അടിയവയറ്റിലാരോ ചവിട്ടുന്നു
അടിനെഞ്ചിലൊരു പിഞ്ച്‌ നിലവിളി മുഴങ്ങുന്നു
മേശപ്പുറത്ത്‌ തറച്ചൊരു പേനത്തുമ്പ്‌
ചുവന്ന മഷിയിറ്റുന്നു
പിറക്കാതെ പോയ കവി വാക്കുകള്‍
കണ്ണീര്‍ നിറച്ച്‌ തുറിച്ചുനോക്കുന്നു

No comments: